SEARCH

19 ജൂൺ, 2012



 ജപ്പാന്‍ ജ്വരം (ജാപ്പനീസ് എന്‍സെഫാലിറ്റിസ്) 
കൊതുകു പരത്തുന്ന വൈറസ് രോഗമാണു ജപ്പാന്‍ ജ്വരം (ജാപ്പനീസ് എന്‍സെഫാലിറ്റിസ്). പന്നികളിലും കന്നുകാലികളിലും ജലപക്ഷികളിലും മറ്റുമായി ജപ്പാന്‍ ജ്വരത്തിന്‍റെ വൈറസുകള്‍ നിലനിന്നു പോരുന്നു. കൊതുകുകള്‍ വഴിയാണ് രോഗാണു മനുഷ്യരില്‍ എത്തുന്നത്. മനുഷ്യരില്‍ ജെഇ വൈറസുകള്‍ അധികസമയം നിലനില്‍ക്കില്ല എന്നതിനാല്‍ ഒരാളില്‍ നിന്നു കൊതുകു വഴി മറ്റൊരാളിലേക്കു രോഗം പകരാന്‍ സാധ്യത കുറവാണ്. 2003 മുതല്‍ 2010 വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 1700 മുതല്‍ 5000ത്തോളം പേര്‍ക്ക് ഓരോ വര്‍ഷവും ഈ രോഗം വരുന്നതായും ഏതാണ്ട് 350 മുതല്‍ 1000 പേര്‍ വരെ മരണമടയുന്നതായും കാണുന്നുണ്ട്. 

ശക്തമായ പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനവും ഛര്‍ദിയും ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ഛിച്ചാല്‍ മരണവും സംഭവിക്കാം. 

ഫ്ളാവി വൈറസ് ഗ്രൂപ്പ് ബിയില്‍പ്പെട്ട ആര്‍ബോ വൈറസാണ് രോഗാണു. കൊതുകു കടിയിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ നാലുമുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്തു വരുന്നു. 

ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം മനുഷ്യരിലേക്കു പകര്‍ത്തുന്നത്. ക്യൂലക്സ് ട്രൈറ്റീനിയോറിങ്കസ്, ക്യൂലിക്സ് വിഷ്ണുയി, ക്യൂലക്സ് സ്യൂഡോവിഷ്ണുയി എന്നീ മൂന്നിനം കൊതുകുകളാണ് രോഗാണുവിന്‍റെ പ്രധാന വാഹകര്‍. അനോഫെലിസ്, മന്‍സോണിയ വിഭാഗത്തിലെ കൊതുകുകളില്‍ നിന്നും ജപ്പാന്‍ജ്വരത്തിന്‍റെ വൈറസുകളെ വേര്‍തിരിച്ചെടുത്തിട്ടുണ്ട്. 

രോഗസ്ഥിരീകരണം നടത്താനുള്ള സൗകര്യം ആലപ്പുഴയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ട്. കിറ്റുകള്‍ ലഭ്യമാക്കിയാല്‍ മെഡിക്കല്‍കോളെജുകളിലെ മൈക്രോ ബയോളജി വകുപ്പിലും പബ്ലിക് ലാബിലും ഈ രോഗം സ്ഥിരീകരിക്കാനാകും.

ജപ്പാന്‍ ജ്വരത്തിന്‍റെ വൈറസുകളെ നശിപ്പിക്കാന്‍ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാനാകും. രോഗിക്കു പൂര്‍ണമായ വിശ്രമം, വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമം, ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നല്‍കല്‍, പ്രത്യേക പരിചരണം തുടങ്ങിയവ നല്‍കണം. 

ജപ്പാന്‍ ജ്വരത്തിനെതിരേ പ്രതിരോധ വാക്സിന്‍ ലഭ്യമാണ്. വാക്സിനേഷന്‍, വ്യക്തിഗത സുരക്ഷ, ആരോഗ്യ വിദ്യാഭ്യാസം എന്നിവയ്ക്കു പുറമെ കൊതുകു നിയന്ത്രണം പന്നികളുടെയും ജലപക്ഷികളുടെയും നിരീക്ഷണവും നിയന്ത്രണവും എല്ലാത്തിനുമുപരി ശരിയായ രോഗനിരീക്ഷണം തുടങ്ങിയവയെല്ലാം ഒത്തുചേരുമ്പോള്‍ ജപ്പാന്‍ജ്വരം നിയന്ത്രണ വിധേയമാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക